കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ ഏറെക്കാലത്തെ ഇടവേളക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച മൂന്ന് പേർക്ക് ജയം. മണിയൻപിള്ള രാജു, ലാൽ, വിജയ് ബാബു എന്നിവരാണ് ജയിച്ചത്. ഔദ്യോഗിക പാനലിലെ ആശ ശരത്ത്, നിവിൻ പോളി, ഹണി റോസ് എന്നിവർ പരാജയപ്പെട്ടു.നിലവിലെ പ്രസിഡന്റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷററായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളില്ല.
കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇത്തവണ വൈസ് പ്രസിഡന്റ് അടക്കം അഞ്ചു വനിതകള്‍ കമ്മിറ്റിയിലുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാ മേനോനും മണിയന്‍ പിള്ള രാജുവും വിജയിച്ചു. അതേസമയം ആശാ ശരത് പരാജയപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച ലാലും വിജയ് ബാബുവും വിജയം കണ്ടു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന നിവിന്‍ പോളിയും ഹണി റോസും പരാജയപ്പെട്ടു. ബാബുരാജ്, മഞ്ജു പിള്ള, ലെന, രചന നാരായണന്‍ കുട്ടി, സുരഭി, സുധീര്‍ കരമന, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് വിജയിച്ച മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. ട്രഷറര്‍ സിദ്ദിഖും ജോയിന്റ് സെക്രട്ടറി ജയസൂര്യയുമാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 11 അംഗങ്ങളില്‍ നാല് പേര്‍ വനിതകളാണ്.
















