ആലപ്പുഴ: ഇരട്ടക്കൊലയെ തുടർന്ന് സമാധാനാന്തരീക്ഷം നഷ്ടമായ ആലപ്പുഴയിൽ സർവകക്ഷി യോഗം വിളിച്ച് ജില്ല കലക്ടർ. മന്ത്രിമാർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയ്‌ക്കാണ് യോഗം ചേരുക. മന്ത്രി സജി ചെറിയാൻ, പി പ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.ഇരു കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ ജില്ലയിലെ സമാധാന അന്തരീക്ഷം തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കളക്ടറുടെ അടിയന്തിര ഇടപടെൽ. കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
അതേസമയം 12 മണിക്കൂറിന്റെ ഇടവേളയിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

















