ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രം ‘മിന്നൽ മുരളി’ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികൾ. നെറ്റ്ഫ്ലിക്സിന്‍റെ ഡയറക്റ്റ് റിലീസ് ആയതോടെ മലയാളികളല്ലാത്ത സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയിരിക്കുകയാണ് ചിത്രം. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമയായ ‘മിന്നൽ മുരളി’യുടെ ടീസറുകളും ട്രെയിലറുമെല്ലാം വലിയ ഹിറ്റായി മാറിയിരുന്നു. ക്രിസ്‍മസ് റിലീസ് ആയി എത്തുന്ന ചിത്രത്തിന് മികച്ച പ്രീ-റിലീസ് ക്യാംപെയ്‍ന്‍ ആണ് നെറ്റ്ഫ്ലിക്സ് നല്‍കിക്കൊണ്ടിരിക്കുന്നത്.
റിലീസിന് നാല് ദിവസം മാത്രം ബാക്കിനിൽക്കെ രസകരമായ ഒരു പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ടൊവിനോയുടെ കഥാപാത്രമായ ‘മിന്നൽ മുരളി’യെ ഗുസ്തി താരം ‘ദ ഗ്രേറ്റ് ഖലി’ സൂപ്പർഹീറോ ടെസ്റ്റ് നടത്തുന്ന വീഡിയോ ആണ് യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രൊഫഷണല്‍ റെസ്‍ലര്‍ ദ് ഗ്രേറ്റ് ഖലിയാണ് ടൊവീനോയ്ക്കും ബാലതാരം വസിഷ്‍ഠ് ഉമേഷിനുമൊപ്പം നെറ്റ്ഫ്ലിക്സ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
അമേരിക്കന്‍ സൂപ്പര്‍ഹീറോ ആവാനായി ഒരു ടെസ്റ്റില്‍ പങ്കെടുക്കുകയാണ് ‘മിന്നല്‍ മുരളി’. പല ഭാഗങ്ങളായുള്ള ടെസ്റ്റില്‍ മത്സരാര്‍ഥിയുടെ ബലം പരീക്ഷിക്കുന്നത് ദ് ഗ്രേറ്റ് ഖാലിയാണ്. ഖാലിയുടെ പരീക്ഷണങ്ങളോടുള്ള മിന്നല്‍ മുരളിയുടെ പ്രതികരണങ്ങള്‍ 3:46 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയെ ഏറെ രസകരമാക്കുന്നുണ്ട്. മറ്റൊരു പ്രൊമോ വീഡിയോയില്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും മിന്നല്‍ മുരളിക്കുവേണ്ടി എത്തും.
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന മിന്നല്‍ മുരളിയുടെ സംവിധാനം ബേസില്‍ ജോസഫ് ആണ്. ‘ഗോദ’ക്ക് ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന ‘മിന്നൽ മുരളി’യിൽ അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. ഇടിമിന്നലേറ്റ് സൂപ്പർ ഹീറോ ആയി ജയ്സണിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഡിസംബർ 24ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
















