കൊച്ചി: 1983 ലോകകപ്പ് വിജയത്തിൻ്റെ കഥ പറയുന്ന ’83’ എന്ന സിനിമയുടെ പ്രൊമോഷനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവും ചിത്രത്തിലെ നായകൻ രൺവീർ സിംഗും കൊച്ചിയിലെത്തി. സിനിമാ പ്രേമികളും കായിക പ്രേമികളും ഒരു പോലെ കാത്തിരിക്കുന്ന ചലച്ചിത്രമായ ’83’ കബീർ ഖാനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നടൻ പൃഥ്വിരാജിൻ്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം മലയാളത്തിൽ പുറത്തിറക്കുന്നത്. സിനിമയുടെ പ്രൊമോഷൺ ചടങ്ങിൽ പൃഥ്വിയും പങ്കെടുത്തു. കെ ശ്രീകാന്തും ചടങ്ങിൽ പങ്കെടുത്തു.
സിനിമയുടെ ടീസറും ട്രെയിലറും ഇതിനോടകം മികച്ച അഭിപ്രായമാണ് നേടുന്നത്. സിനിമയിൽ താൻ ഉയർത്തിയ കപ്പ് ’83’ൽ കപിലും സംഘവും ഉയർത്തിയ അതേ ട്രോഫിയാണെന്ന് രൺവീർ ചടങ്ങിൽ പറഞ്ഞു. ‘മലയാളം എന്നും പ്രിയപ്പെട്ടതാണ്, ക്രിക്കറ്റ് ഇതിഹാസമായ കപിൽ ദേവിൻ്റെ ജീവിത കഥ തന്നിലൂടെ എത്തുന്നതിലും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൻ്റെ ഭാഗമാകുന്നതിലും വലിയ സന്തോഷമുണ്ട്’ രൺവീർ സിങ്ങ് കൂട്ടിച്ചേർത്തു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPrithvirajSukumaran%2Fposts%2F488351259324099&show_text=true&width=500
സിനിമയുടെ ലാഭം നോക്കിയല്ല ഇതേറ്റെടുത്തതെന്ന് പൃഥിരാജ് പറഞ്ഞു. ഇന്ത്യയെന്ന വികാരത്തെ സ്ക്രീനിൽ അവതരിപ്പിക്കാനുള്ള അവസരം മാത്രമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രം ക്രിസ്മസിന് തിയറ്ററുകളിലെത്തും. ചിത്രത്തിൻ്റെ മലയാളം ഗാനവും ചടങ്ങിൽ പുറത്തിറക്കി. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്.
വെസ്റ്റ് ഇൻഡീസിനെ തറപറ്റിച്ച് കപ്പ് കൈയിലെടുത്തതടക്കമുള്ള ലോകകപ്പിലെ അപൂർവ നിമിഷങ്ങളെല്ലാം വൈകാരികമാണ്, ആ അനുഭവങ്ങളും നിമിഷങ്ങളുമാണ് സിനിമയിലുള്ളത്. അന്നത്തെ ഞങ്ങളുടെ ജീവിതം അതെ രീതിയിൽ തന്നെ സിനിമയിൽ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് കപിൽദേവും കെ ശ്രീകാന്തും പറഞ്ഞു.
കപിൽദേവിൻ്റെ ഭാര്യ റോമിയുടെ വേഷം അഭിനയിക്കുന്ന ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. 83 ലോകകപ്പിലെ പ്രധാന താരങ്ങളായ സുനിൽ ഗാവസ്കർ, മൊഹീന്ദർ അമർനാഥ്, സയ്യിദ് കിർമാനി, റോജർ ബിന്നി, കീർത്തി ആസാദ്, രവിശാസ്ത്രി, മദൻലാൽ, സന്ദീപ് പാട്ടീൽ എന്നിവരെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. സുനിൽ ഗവാസ്കറായി താഹിർ രാജും ശ്രീകാന്തിൻ്റെ വേഷത്തിൽ തമിഴ് നടൻ ജീവയുമാണ് അഭിനയിച്ചിരിക്കുന്നത്. സന്ദീപ് പാട്ടീലിൻ്റെ വേഷത്തിൽ സന്ദീപ് പാട്ടീലിൻ്റെ മകനും നടനുമായ ചിരാഗ് പാട്ടീൽ എത്തുന്നു. പങ്കജ് ത്രിപാഠി, ബൊമാൻ ഇറാനി, സാക്വിബ് സലിം, ഹാർഡി സന്ധു, ജതിൻ സർന തുടങ്ങിയവരും അഭിനയിക്കുന്നു.
















