പത്തനംതിട്ട : ശശി തരൂർ എംപിക്ക് പിന്തുണയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വികസനകാര്യങ്ങളിൽ എല്ലാവരും യോജിച്ചു പോകണമെന്നതാണ് യുഡിഎഫ് നിലപാട്. കെ റെയിലിൽ തരൂർ വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടില്ല, പഠിച്ചിട്ടാവാമെന്നാണ് പറഞ്ഞത്. തരൂർ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനല്ലെന്നും രാജ്യാന്തര വ്യക്തിത്വമാണെന്നും ചെന്നിത്തല പറഞ്ഞു.
കെ റെയിൽ വിഷയത്തിൽ പാർട്ടിയും യുഡിഎഫും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. എം.കെ.മുനീറിന്റെ നേതൃത്വത്തിൽ സമിതി പദ്ധതിയെക്കുറിച്ച് പഠിക്കുകയും പ്രായോഗികമല്ല എന്ന് കണ്ടെത്തുകയും ചെയ്തതാണ്. കെ റെയിൽ പദ്ധതിയോട് ഒരു കാരണവശാലും യോജിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ ശശി തരൂർ എംപിയെ അച്ചടക്കം പഠിപ്പിക്കണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. കെ റെയിൽ വിഷയത്തിൽ തരൂർ പാർട്ടിയെ പ്രതിരോധത്തിലാക്കി. സർക്കാരിനെ സഹായിക്കാനുള്ള ഗൂഢനീക്കമാണ് തരൂർ നടത്തുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അച്ചടക്കം തരൂരിനും ബാധകമാണ്. ഒരു കോൺഗ്രസുകാരനാണെങ്കിൽ, കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ഒരു എംപിയാണെങ്കിൽ അടിസ്ഥാനപരമായി തരൂർ ഒരു കോൺഗ്രസുകാരനാണ്. അദ്ദേഹത്തിന് കോൺഗ്രസ് തത്വങ്ങൾ അറിയില്ല എന്നു പറയുന്നത് ശരിയല്ല. കൊച്ചുകുട്ടികൾക്ക് പോലും കെ റെയിലിന്റെ പ്രത്യാഘാതങ്ങൾ അറിയാം. ഉത്തരവാദിത്തപ്പെട്ട ഒരുമനുഷ്യൻ, ഗവേഷണ ബുദ്ധിയോടെ എല്ലാകാര്യങ്ങളും വിലയിരുത്തുന്ന ഒരാൾ അതിനേക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് പറഞ്ഞാൽ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ്. സർക്കാരിനെ സഹായിക്കാൻ വേണ്ടി അദ്ദേഹം നടത്തുന്ന ഗൂഢമായ നീക്കമായിട്ടേ അതിനെ കാണാൻ സാധിക്കുകയുള്ളൂ.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുക്കാൻ തീരുമാനിച്ചപ്പോൾ അതിനെ പിന്തുണച്ച ആളാണ് ഈ എംപി. ഓരോരോ സന്ദർഭത്തിലും പാർട്ടിയെ പ്രതികൂട്ടിലാക്കുന്ന അവസ്ഥയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. പാർട്ടി അച്ചടക്കം ഉയർത്തിപ്പിടിക്കാനുള്ള തത്വം അദ്ദേഹത്തിന് അറിയില്ലെങ്കിൽ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം പാർട്ടിക്കുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

















