ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ. ജില്ലയെ ഞെട്ടിച്ച് 12 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതിനെ തുടര്‍ന്ന് പോലീസ് ആലപ്പുഴയില്‍ ഇന്നും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയുടെ പലമേഖലകളും പോലീസ് കാവലിലാണ്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.കെ എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. ഒ.ബി.സി മോർച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ ആണ് മരിച്ചത്. പ്രഭാതസവാരിക്കിടെ ഒരു സംഘം ആളുകൾ എത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്താണ് ആക്രമണമുണ്ടായത്.
ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്‍റും ആലപ്പുഴ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയുമായിരുന്നു രഞ്ജിത്. ആലപ്പുഴ കോടതിയിൽ അഭിഭാഷകനായിരുന്നു.രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

















