വയനാട്: വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താകും വനപാലക സംഘത്തിന്റെ നീക്കങ്ങൾ.കടുവ നിരീക്ഷണ വലയത്തിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ കൂടുതൽ വനപാലകസംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ 20 ദിവസങ്ങളായി കടുവ കുറുക്കൻമൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു. കടുവയെ പിടിക്കാൻ പറ്റാതായതോടെ നാട്ടുകാർ വനംവകുപ്പിനെതിരെ തിരിയുന്ന സാഹചര്യവും ഉണ്ടായി. രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടിക്കാനായ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്. എന്നാൽ ഇത്രയും ദിവസം കടുവ തെരച്ചിൽ സംഘത്തിന് പിടി നൽകാതെ പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു.

















