മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് Tovino Thomas) ചിത്രമാണ് ‘മിന്നൽ മുരളി'(Minnal Murali). ബേസിൽ ജോസഫ്(Basil Joseph) സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റീലീസായി ഡിസംബർ 24 ന് നെറ്റ്ഫ്‌ളിക്‌സിലൂടെ(Netflix) പ്രേക്ഷകർക്ക് മുന്നിലെത്തും. ഇപ്പോഴിതാ മിന്നൽ മുരളിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രണ്ടര മിനിട്ടുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്.
സൂപ്പർഹീറോ ടെസ്റ്റിനെപ്പറ്റി ആലോചിച്ച് ടെൻഷൻ അടിക്കുന്ന മുരളിയും(ടൊവിനോ) മോട്ടിവേഷൻ കൊടുക്കുന്ന കുട്ടിയുമാണ് വീഡിയോയിൽ ഉള്ളത്. സ്‌ട്രെങ്ത് ടെസ്റ്റ് ചെയ്യാൻ ഗ്രേറ്റ് ഖാളിയും സ്പീഡ് ടെസ്റ്റ് ചെയ്യാൻ യുവരാജ് സിംഗും ആണ് ഉണ്ടാകുക എന്നും വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രംഗത്തെത്തുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ഗ്ലോബൽ പ്രീമിയർ പ്രദർശനം മുംബൈയിൽ നടന്നിരുന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് (Jio MAMI Mumbai Film Festival) ചിത്രത്തിൻറെ പ്രീമിയർ നടന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിത്രത്തിന് ലഭിച്ചത്. തിയറ്റർ റിലീസിന് അനുയോജ്യമായ ചിത്രമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. മലയാള സിനിമയ്ക്ക് അഭിമാനമാണെന്നും ഗ്യാരണ്ടിയുള്ള സംവിധായകനിൽ ഒരാളാണ് താനെന്ന് ബേസിൽ ജോസഫ് തെളിയിക്കുന്നു എന്നെല്ലാമാണ് പ്രേക്ഷക പ്രതികരങ്ങൾ.
മുരളി എന്ന് പേരുള്ള ഒരു തയ്യൽക്കാരൻ യുവാവിനെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരിക്കൽ മിന്നൽ ഏശുന്ന മുരളിക്ക് ചില അത്ഭുത ശക്തികൾ ലഭിക്കുകയാണ്. അത് അയാളുടെയും ആ നാട്ടുകാരുടെയും ജീവിതത്തിൽ സൃഷ്‍ടിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ചിത്രത്തിൻറെ മുന്നോട്ടുപോക്ക്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
















