തിരുവനന്തപുരം: വിവാഹസമയത്ത് സ്ത്രീധന വിഷയം ചർച്ച ചെയുന്നുണ്ടെകിൽ അതിനെതിരെ പ്രതികരിക്കാൻ സ്ത്രീകൾ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധന വിഷയങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീധന-സ്ത്രീപീഡന വിരുദ്ധ ബോധവത്കരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ സ്‌ത്രീയും തെറ്റിനെതിരെ ശബ്‌ദമുയര്‍ത്താനും പ്രതിരോധിക്കാനും കരുത്ത് നേടണം. അതിനായി നമ്മുടെ പൊതുബോധം ഉയരണം. ഇതിന് ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ സാധിക്കുന്നത് കുടുംബശ്രീക്കാണ്. വിവാഹ ആലോചനയുടെ ഘട്ടത്തില്‍ സ്‌ത്രീധനം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കില്‍ അപ്പോള്‍ തന്നെ ഇടപെടാന്‍ സാധിക്കണം. ഈ ബോധവല്‍ക്കരണ പോരാട്ടം തുടര്‍ന്നും ഏറ്റെടുക്കാനാവണം. നാടിന്റെ നന്മയോടൊപ്പം നില്‍ക്കുന്ന എല്ലാവരും ആ പോരാട്ടത്തില്‍ അണിചേരും. തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാം ഇന്ന് കാണുന്ന കേരളം സൃഷ്‌ടിക്കപ്പെട്ടത് ജാതിമത ഭേദമന്യേ പുതിയ മാറ്റങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നിലകൊണ്ടതിന്റെ ഭാഗമായാണ്. യോജിച്ച പോരാട്ടത്തിലൂടെയാണ് അത് സാധ്യമാക്കിയത്. വിദ്യാഭ്യാസ രംഗത്ത് വന്നമാറ്റത്തിലൂടെ നാം മുന്നേറി. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ കുടുംബങ്ങളിലെയും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കി. സ്‌ത്രീകളെ അടിച്ചമര്‍ത്തുന്ന സമീപനങ്ങള്‍ക്കെതിരായ വലിയ പോരാട്ടങ്ങള്‍ ഉയര്‍ന്നുവന്നു. കുട്ടിത്തം മാറാതെ തന്നെ വിവാഹം നടക്കുന്ന സാഹചര്യമുണ്ടായിരുന്നു. പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഇതിനെല്ലാമെതിരായ പ്രക്ഷോഭങ്ങള്‍ ഓരോ ഘട്ടത്തിലും ഉയര്‍ന്നുവന്നു. അതിന്റെയെല്ലാം ഫലമായാണ് സമൂഹത്തില്‍ പുരോഗമനപരമായ മാറ്റങ്ങളുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുബശ്രീ പോലെ അതിവിപുലമായ പ്രസ്ഥാനത്തിലൂടെ സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ വിജയകരമാക്കാൻ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനനത്തിന്റെ ഭാഗമായി 152 ബ്ലോക്കുകളിൽ നടപ്പാക്കുന്ന ക്രൈം മാപ്പിങ് പദ്ധതിയും, സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കിന്റെ ടോൾ ഫ്രീ നമ്പർ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

















