ചണ്ഡിഗഡ്: അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു. സുരക്ഷാ വേലികൾ ചാടിക്കടന്ന് ഗുരുഗ്രന്ഥ സാഹിബിന് സമീപം സ്ഥാപിച്ചിരുന്ന വാളിൽ തൊട്ടതാണ് അക്രമത്തിന് കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്നതാണ് ഗുരുഗ്രന്ഥ സാഹിബ്.
ശനിയാഴ്ച വൈകുന്നേരം ആറോടെ ദർബാർ സാഹിബ് ശ്രീകോവിലിൽ പതിവ് പ്രാർഥന നടക്കുന്നതിനിടെയായിരുന്നു സംഭവം. ഗുരു ഗ്രന്ഥ സാഹിബിനെ അനാദരിക്കാൻ ഒരാള്‍ ശ്രമിച്ചെന്നും ഉടൻ തന്നെ ശിരോമണി സമിതി ജീവനക്കാർ തടയുകയും ചെയ്തെന്ന് ദൃക്സാക്ഷികൾ പറയുന്നു. രോഷാകുലരായ ഭക്തർ ഇയാളെ മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അമൃത്സർ ഡെപ്യൂട്ടി കമ്മീഷണർ പരമീന്ദർ സിങ് പറഞ്ഞു.
















