ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപവും 2002 ലെ ഗുജറാത്ത് കലാപവും അന്വേഷിച്ച സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഗിരീഷ് തകോര്‍ലാല്‍ നാനാവതി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ വസതിയില്‍ ആയിരുന്നു അന്ത്യം.
2002 ലെ ഗോധ്രയിലെ ട്രെയിൻ തീവെപ്പും പിന്നീട് നടന്ന ഗുജറാത്ത് വംശഹത്യയും നാനാവതി അന്വേഷിച്ചത് ജസ്റ്റിസ് അക്ഷയ് മേഹ്ത്തക്കൊപ്പമായിരുന്നു. ഗുജറാത്തിലെ നരേന്ദ്ര മോദി സർക്കാരാണ് രണ്ടംഗ ജുഡീഷ്യൽ കമീഷനെ നിയമിച്ചത്. കലാപ സമയത്ത് മുഖ്യമന്ത്രി ആയിരുന്ന മോദിക്കും മന്ത്രിസഭാംഗങ്ങൾക്കും പൊലീസിനും കമീഷൻ ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.
1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏകാംഗ കമ്മീഷനായിരുന്നു നാനാവതി കമ്മീഷന്‍. പിന്നീട് 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിനും സുപ്രീം കോടതി ജഡ്ജിയായിരുന്ന നാനാവതിയെ ആയിരുന്നു ചുമതലപ്പെടുത്തിയത്. 2014ല്‍ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അക്ഷയ് മേത്തയും നാനാവതിയും ചേര്‍ന്നാണ് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
1958 ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത നാനാവതി 1994 ജനുവരിയിൽ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായി. പിന്നീട് ഇതേവർഷം കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റം. 1995 മാർച്ചിലാണ് നാനാവതി സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. 2000 ൽ വിരമിച്ചു.
















