ന്യൂഡല്‍ഹി: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഒരു പെണ്‍കുട്ടിക്ക് 18 വയസില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കില്‍ എന്തുകൊണ്ടാണ് പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സാധിക്കില്ലേയെന്ന്‍ ഒവൈസി ചോദിച്ചു. വെള്ളിയാഴ്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അസദുദ്ദീന്‍ ഒവൈസി.
പതിനെട്ട് വയസ് പ്രായമുള്ള ഇന്ത്യന്‍ പൌരന് വോട്ട് ചെയ്യാനും കരാറുകള്‍ ഒപ്പിടാനും ബിസിനസ് ആരംഭിക്കാനും സാധിക്കും. ആണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആയി കുറയ്ക്കണമെന്ന പക്ഷക്കാരനാണ് താനെന്നും അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ ബാലവിവാഹത്തിന്റെ നിരക്ക് കുത്തനെ കുറഞ്ഞത് ഇത്തരം നിയമങ്ങള്‍ കാരണമല്ലെന്നും യഥാസമയത്ത് വിദ്യാഭ്യാസവും സാമൂഹിക അവബോധവും നല്‍കിയതിനാലാണെന്നും ഒവൈസി വ്യക്തമാക്കി. എന്നിട്ടും സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഏകദേശം 1.2 കോടി കുട്ടികള്‍ ഇതിനോടകം പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബ് തന്നെ വിവാഹിതരായെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ രാജ്യത്തെ ബാലവിവാഹം നിര്‍ത്തലാക്കുന്നതിന് വേണ്ടിയോ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയോ ഇന്നേവരെ ഒന്നും ചെയ്തിട്ടില്ലെന്നും ഒവൈസി ആരോപിച്ചു. രാജ്യത്തെ നിര്‍മാണ മേഖലയില്‍ 2005ല്‍ 26 ശതമാനമുണ്ടായിരുന്ന സ്ത്രീകളുടെ പ്രാതിനിധ്യം 2020ല്‍ വെറും 16 ശതമാനം മാത്രമാണെന്നും ഒവൈസി കുറ്റപ്പെടുത്തി.
















