തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ പ്രതിയെ തിരഞ്ഞുപോയ പോലീസുകാരൻ മുങ്ങിമരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വർക്കല പൊലീസാണ് കേസെടുത്തത്. വർക്കല ഡിവൈഎസ്പി നിയാസിനാണ് അന്വേഷണ ചുമതല.
കടയ്‌ക്കാവൂർ പണയിൽ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വർക്കല സിഐ പ്രശാന്തും, എസ് ബാലുവും മറ്റൊരു പൊലീസുകാരൻ പ്രശാന്തും സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. വള്ളക്കാരൻ വസന്തനും ഇവരുടെ ഒപ്പം ഉണ്ടായിരുന്നു. വള്ളം മുന്നോട്ടു നീങ്ങവേ പെട്ടന്ന് സിഐ എഴുന്നേറ്റതാണ് ബാലൻസ് തെറ്റി വള്ളം മറിയാൻ കാരണമെന്നാണ് വിവരം.
സിഐയും വള്ളത്തിലുണ്ടായിരുന്ന രണ്ടാമത്തെ പൊലീസുകാരനും രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള ഈ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
എസ്എപി ക്യാമ്പിലെ പോലീസുകാരനായിരുന്ന ബാലു പുന്നപ്ര സ്വദേശിയാണ്. എൻജിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം അവിവാഹിതനായിരുന്നു. സർവീസിൽ കയറിയിട്ട് 11 മാസം പിന്നിടുമ്പോഴായിരുന്നു 27കാരനായ ബാലുവിന്റെ വിയോഗം. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും.
ബാലുവിന്‍റെ നിര്യാണത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അനുശോചിച്ചു. സെപ്റ്റംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് ഡിജിപി അനുസ്മരിച്ചു.

















