കണ്ണൂർ: മട്ടന്നൂരിൽ നിർമാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചാവശേരി സ്വദേശി സജിത്താണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട് രണ്ട് പേർക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശികളായ ജിജേഷും ജനാർദ്ദനനുമാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെട്രോൾ പമ്പിന് വേണ്ടി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം ജോലി തുടരുന്നതിനിടെ ആറുപേരടങ്ങുന്ന സംഘത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രണ്ട് അന്യസംസ്ഥാന തൊഴിലാളികളും പ്രമോദ് എന്നയാളുമാണ് രക്ഷപ്പെട്ടത്. എന്നാൽ സജിത്തും, ജിജേഷും, ജനാർദ്ദനനും മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു. ഇതിൽ സജിത്തിനെ പുറത്തെടുക്കാൻ 20 മിനിട്ടോളം സമയമെടുത്തതായി രക്ഷാപ്രവർത്തകർ പറയുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും സജിത്ത് മരിച്ചു.
മൃതദേഹം മട്ടന്നൂർ ആശുപത്രിയിലാണുള്ളത്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

















