തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. പദ്ധതിയില്‍ പോരായ്മയില്ലെന്ന് ജനങ്ങളെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. വികസനം ജനത്തിന് ആവശ്യമുള്ളതാവണം, വികസനത്തിനുവേണ്ടി വാശിവേണ്ട. പദ്ധതി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് വിനീതനായി ആവശ്യപ്പെടുന്നു.
സില്‍വര്‍ ലൈന്‍ ജനങ്ങള്‍ക്ക് വെള്ളിടിയായി മാറും. കെ-റെയിലിനെ പാര്‍ട്ടി ഓഫീസാക്കി. ജോണ്‍ ബ്രിട്ടാസിന്‍റെ ഭാര്യയാണ് കെ-റെയിലിന്‍റെ ജനറല്‍ മാനേജര്‍. റെയില്‍വെയിലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥ മാത്രമാണവര്‍. ആനാവൂര്‍ നാഗപ്പന്‍റെ ബന്ധുവും കെ-റെയിലില്‍ ഇടംനേടി. ഓഫീസ് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കാരന്‍റെ കെട്ടിടത്തിലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അതേസമയം,ശശി തരൂരിന്റെ കെ റെയിൽ നിലപാടിൽ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു സുധാകരന്റെ പ്രതികരണം. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇരിക്കുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല. തരൂര്‍ എന്ന വ്യക്തിയെയും ലോകപരിചയത്തെയും അംഗീകരിക്കുന്നു. എന്നാൽ അദ്ദേഹം കോൺഗ്രസ് വ്യത്തത്തിൽ ഒതുങ്ങാത്തയാളാണ്. ശശി തരൂരിനോട് സംസാരിക്കും, വിമര്‍ശിക്കാനുള്ള കാരണം ചോദിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

















