കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അയൽവാസി. കൃഷ്ണപ്രിയയെ കൊല്ലുമെന്ന് നന്ദകുമാർ ഭീഷണിപ്പെടുത്തിയിരുന്നതായി അയൽവാസി പറഞ്ഞു. കൃഷ്ണപ്രിയയെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ നന്ദ കുമാർ അനുവദിച്ചിരുന്നില്ല.
ജോലിക്ക് പോകുന്നത് തടയാൻ ശ്രമിച്ചിരുന്നുവെന്നും കൃഷ്ണപ്രിയ നന്ദകുമാറിൽ നിന്ന് അകലം പാലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷം മുൻപാണ് ഇരുവരും തമ്മിലുള്ള പരിചയം തുടങ്ങുന്നതെന്നും അയൽവാസിയായ ബിജു കളത്തിൽ വ്യക്തമാക്കി. പഞ്ചായത്തിൽ ജോലിക്ക് പോവുന്നത് നന്ദുവിന് ഇഷ്ടമില്ലായിരുന്നു. നന്ദു ആർഎസ്എസ് പ്രവർത്തകനാണെന്നും കൃഷ്ണപ്രിയയുടെ ബന്ധുക്കൾ പറഞ്ഞു.
തിക്കോടി കാട്ടുവയൽ മനോജന്‍റെ മകളാണ് കൃഷ്ണപ്രിയ. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ ഇന്നലെ രാവിലെ ഓഫീസിൽ ജോലിക്കെത്തിയപ്പോൾ അവിടെ കാത്തിരുന്ന നന്ദകുമാർ കുത്തി പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഇതിന് ശേഷം നന്ദകുമാറും സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണപ്രിയ ഇന്നലെ തന്നെ മരിച്ചു. നന്ദകുമാർ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കൃഷ്ണപ്രിയയും നന്ദകുമാറും സൗഹൃദത്തിലായിരുന്നു. പിന്നീട് നന്ദകുമാറിന്‍റെ അമിതമായ ഇടപെടലുകൾ മൂലം ഇവർ തമ്മിൽ അകന്നിരുന്നു.
ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗത്തിൽ പ്രൊജക്ട് അസിസ്റ്റന്‍റ് ഒഴിവിൽ താൽക്കാലിക ജീവനക്കാരിയായി അഞ്ചു ദിവസം മുമ്പാണ് കൃഷ്ണപ്രിയ ജോലിക്ക് ചേർന്നത്. അതിനിടെയാണ് ധാരുണമായ ഈ സംഭവം.

















