ന്യൂഡല്‍ഹി: കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിനെ സമൂഹമാധ്യമത്തിലൂടെ ‘വാര്‍ ക്രിമിനല്‍’ എന്ന് വിളിച്ച് അപമാനിച്ച യുവതിക്ക് ജാമ്യം. ഹാജി പബ്ലിക് സ്‌കൂള്‍ മുന്‍ ഡയറക്ടര്‍ സബ്ബാ ഹാജിയെ ജാമ്യത്തില്‍ വിട്ടയച്ചതായി ബാര്‍ & ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ എട്ടിന് തമിഴ്നാട്ടില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ റാവത്ത് മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവര്‍ സമൂഹമാധ്യമത്തിലൂടെ ഈ പരാമര്‍ശം നടത്തിയത്. സബ്ബയുടെ പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്തോടെ ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. തുടർന്ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സബ്ബയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
സബ്ബഹ് ഡയറക്ടറും അധ്യാപികയുമായിരുന്ന ദോഡയിലെ ഹാജി പബ്ലിക് സ്കൂൾ അടച്ചുപൂട്ടണമെന്നും ആവശ്യം ഉയർന്നു. എന്നാൽ റാവത്തിനെക്കുറിച്ചുള്ള സബ്ബയുടെ പരാമർശം സ്ഥാപനത്തിന്റെ വീക്ഷണമല്ലെന്ന് വ്യക്തമാക്കി സ്കൂൾ മാനേജ്മെന്റ് രംഗത്തെത്തിയിരുന്നു.
















