ചെന്നൈ: തിരുനെല്‍വേലിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ സഞ്ജയ്, വിശ്വരഞ്ജന്‍ എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. ചുറ്റുമതിൽ തകര്‍ന്ന് ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു. ഒരു കുട്ടി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്.
എയ്ഡഡ് സ്‌കൂളായ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം നടന്നത്. കെട്ടിടത്തിന് സമീപത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. അപകടത്തെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് കല്ലെറിഞ്ഞു.
ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച സ്‌കൂളിന് 100 വര്‍ഷത്തിലേറെ പഴക്കമുണ്ട്. സ്കൂളിൽ 6 മുതൽ 12–ാംക്ലാസുവരെ 2,000ത്തോളം വിദ്യാർഥികള്‍ പഠിക്കുന്നുണ്ട്. പതിവ് പോലെ രാവിലെ 9 മണിക്ക് ക്ലാസ് തുടങ്ങിയിരുന്നു. രണ്ടാമത്തെ പിരിയഡ് പി.ടി ആയതിനാൽ കുട്ടികൾ കളിക്കാന്‍ പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെയാണ് സ്കൂളിന്റെ ശുചിമുറിയുടെ പുറത്തേക്കുള്ള ചുമര് ഇടിഞ്ഞുവീണത്.
ഗുരുതരമായി പരുക്കേറ്റ 2 വിദ്യാർഥികൾ തിരുനെൽവേലി ഗവ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി തന്നെ മരണപ്പെട്ടു. ചികിത്സയിലിരിക്കെ ഒരു വിദ്യാർഥി കൂടി മരിച്ചു. പരുക്കേറ്റ വിദ്യാർഥികൾ ചികിത്സയിലാണ്. മരിച്ച കുട്ടികളുടെ മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്നു. അപകടത്തെ തുടർന്ന് സ്കൂൾ അവധി പ്രഖ്യാപിച്ചു.
സംഭവം അറിഞ്ഞ് രക്ഷിതാക്കൾ സ്കൂളിൽ തമ്പടിച്ചിരിക്കുകയാണ്. കാലപ്പഴക്കമായ സ്കൂൾ കെട്ടിടം പുതുക്കിപ്പണിയാൻ നടപടികളൊന്നും സ്കൂൾ അധികൃതർ എടുത്തിട്ടില്ലെന്ന് ആരോപിച്ച് രക്ഷിതാക്കൾ പ്രതിഷേധിച്ചു. സ്കൂളിലെ ചെടിച്ചട്ടികൾ അടക്കമുള്ളവ എറിഞ്ഞുടച്ചു. സ്‌കൂളിന്റെ ജനലുകളും വാതിലുകളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
ഷാഫ്റ്റര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും അവിടെ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിനും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്ന് തമിഴ്നാട് നഴ്സറി, പ്രൈമറി, മെട്രിക്കുലേഷന്‍, ഹയര്‍ സെക്കന്‍ഡറി, സിബിഎസ്ഇ സ്‌കൂള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നന്ദകുമാര്‍ പറഞ്ഞു. എന്നാല്‍ അപകടമുണ്ടായ കെട്ടിടം അറ്റകുറ്റപ്പണി നടത്തിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉന്നത അധികാരികള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എജുക്കേഷണല്‍ ഓഫിസര്‍ സുഭാഷിണി ഉത്തരവ് നല്‍കി.
















