തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. യു.എ.ഇയിൽനിന്ന് മടങ്ങിയെത്തിയ ദമ്പതികൾക്കാണ് രോഗം കണ്ടെത്തിയത്. ഭർത്താവിന്‍റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആറുപേരുണ്ട്. ഭാര്യയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഒരാൾ മാത്രം. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവർ ഏഴായി.
രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. ഒമിക്രോൺ വകഭേദം അതിവേഗത്തിലാണ് പടരുന്നതെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.ലോകത്തെ മൊത്തം കോവിഡ് കേസുകളിൽ 2.4 ശതമാനവും കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ആണെന്നും ഡെൽറ്റ വകഭേദത്തേക്കാൾ വ്യാപന ശേഷി ഒമിക്രോണിന് കൂടുതലാണെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.രാജ്യത്ത് ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ട 19 ജില്ലകളുണ്ട്. ഇവിടെ കോവിഡ് വ്യാപനം വേഗത്തിലാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

















