തിരുവനന്തപുരം; സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പൂര്‍ണമായും പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. 4 ശതമാനം സ്റ്റൈഫന്‍റ് വര്‍ധനവ്, അലവന്‍സുകള്‍ എന്നിവ വേഗത്തില്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉറപ്പ് ലഭിച്ചു. ജോലിഭാരം കുറക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
ബുധനാഴ്ച ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയിൽ സമരം ഭാഗികമായി അവസാനിപ്പിക്കുകയും അത്യാഹിത വിഭാഗത്തിലും ലേബർ റൂമിലും ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വൈകീട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷുമായി അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയാണ് സമരം അവസാനിപ്പിക്കാൻ വഴിയൊരുങ്ങിയത്.

















