കോട്ടയം: കുമരകത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കുമരകം രണ്ടാം വാർഡിലെ ബാങ്ക് പടി പ്രദേശത്തെ രണ്ടിടങ്ങളിലെ താറാവുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പോസിറ്റീവ് ആയത്.
പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ 4000 താറാവുകളെ കൊന്ന് സംസ്ക്കരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കോട്ടയം ജില്ലയിലെ അയ്മനം, കല്ലറ വെച്ചൂർ പഞ്ചായത്തുകളിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
കോട്ടയത്തിന്‍റെ ചില ഭാഗങ്ങളിലും കുട്ടനാട്ടിലും പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് മാവൂരിലെ തണ്ണീർ തടങ്ങളിൽ പരിശോധന നടത്തി. ദേശാടന പക്ഷികൾ താവളമാക്കാറുള്ള മാവൂരിലെ പള്ളിയോത് പ്രദേശത്താണ് പരിശോധന നടത്തിയത്.
ജില്ലയിലെ കടലുണ്ടിയിലും അന്നശ്ശേരിയിലും എലത്തൂരിലും സംഘം സമാനമായ പരിശോധനകൾ നടത്തിയിരുന്നു.

















