കൊച്ചി: മോഫിയ പര്‍വീണ്‍ ആത്മഹത്യാക്കേസില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നും പരാമര്‍ശം തിരുത്താന്‍ അനുവദിക്കണമെന്നും കാണിച്ച് പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണിനു നീതി തേടി കോണ്‍ഗ്രസ് നടത്തിയ ആലുവ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ പങ്കെടുത്ത മൂന്നു പ്രവര്‍ത്തകരെയാണു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തീവ്രവാദ പ്രവര്‍ത്തകരെന്ന നിഴലില്‍ നിര്‍ത്തിയത്.
പ്രാദേശിക കോൺഗ്രസ് നേതാക്കളായ അല്‍ അമീന്‍,നജീബ്, അനസ് എന്നിവരെ കേസില്‍ അറസ്റ്റ് ചെയ്തു . ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള റിമാന്‍ഡ‍് റിപ്പോർട്ടിലാണ് പ്രതികള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്.
സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചതിന് അറസ്റ്റിലായ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് തീവ്രവാദ ബന്ധം സംശയിക്കുന്നതായി രേഖപ്പെടുത്തിയത്.
ജലപീരങ്കിക്ക് മുകളില് കയറി കൊടി നാട്ടിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമർശം. കോണ്‍ഗ്രസ് വൻ പ്രതിഷേധവുമായി രംഗത്തെത്തി. ഗൂഢലക്ഷ്യത്തോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ എഴുതിവെച്ചതെന്ന് ഡിജിപിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

















