കൊച്ചി: തുടർച്ചയായ അഞ്ചുവർഷം അവധിയെടുത്ത ശേഷം ജോലിക്ക് തിരികെ കയറിയില്ലെങ്കിൽ എയ്ഡഡ് സ്കൂൾ അധ്യാപകർ ജോലിയിൽനിന്ന് പുറത്താകുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റേതാണ് ഉത്തരവ്. അഞ്ചുവർഷത്തിന് ശേഷവും അവധി നീണ്ടാൽ സർവീസ് അവസാനിച്ചതായി കണക്കാക്കുമെന്ന കെ.ഇ.ആറിലെ ചട്ടം 56(4) ന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സർക്കാർ, സ്വകാര്യ എയ്ഡഡ് അധ്യാപകർക്ക് കേരള വിദ്യാഭ്യാസ ചട്ടം ഒരുപോലെ ബാധകമാണെങ്കിലും ദീർഘാവധിയുടെ കാര്യത്തിൽ എയ്ഡഡ് അധ്യാപകർക്ക് അഞ്ചുവർഷത്തിലധികം അനുവദനീയമല്ലെന്നാണ് ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മലപ്പുറം ചെങ്ങോട്ടൂർ എ.എം.എൽ.എസ്. അധ്യാപകനായിരിക്കേ 2005 സെപ്‌റ്റംബറിൽ അഞ്ചുവർഷത്തെ അവധിയെടുത്ത് യു.കെ.യിലേക്കുപോയ എറണാകുളം സ്വദേശി ഷാജി പി. ജോസഫ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിക്കാരന് 2010-ൽ അഞ്ചുവർഷം കൂടി അവധി നീട്ടി നൽകി. 2015 -ൽ അഞ്ചുവർഷം കൂടി അവധി വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയപ്പോൾ മാനേജർ നിഷേധിച്ചു. ഇതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ സ്കൂളിലെ അധ്യാപകർക്ക് 20 വർഷംവരെ തുടർച്ചയായി അവധി അനുവദിക്കാൻ വ്യവസ്ഥയുള്ളപ്പോൾ അതേ ആനുകൂല്യം എയഡഡ് സ്കൂൾ അധ്യാപകർക്ക് നിഷേധിക്കാനാകില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഈ വാദം തള്ളിയ കോടതി മാനേജരുടെ ഉത്തരവിൽ തെറ്റില്ലെന്ന് വിലയിരുത്തി ഹർജി തള്ളി.

















