തിരുവനന്തപുരം: ഷോപ്പിങ് മഹോത്സവത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ലുലു മാൾ പ്രവർത്തന സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കും.
2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷം ചതുരശ്രയടിയിലാണ് ടെക്നോപാർക്കിന് സമീപം ആക്കുളത്ത് മാൾ ഒരുക്കിയത്. രണ്ടു ലക്ഷം ചതുരശ്രയടിയിൽ ലുലു ഹൈപ്പർ മാർക്കറ്റാണ് മുഖ്യ ആകർഷണം. ഇന്ത്യൻ, അറബിക് ഭക്ഷണത്തിനുള്ള പ്രത്യേക വിഭാഗവും കുടുംബശ്രീയുടെതടക്കം പ്രാദേശിക ഉൽപ്പന്നങ്ങളും ലഭ്യമാണ്.
ഇരുനൂറിൽപ്പരം രാജ്യാന്തര ബ്രാൻഡുകളുടെ ഷോപ്പുകൾ, ഖാദി ഉൽപ്പന്നങ്ങളുടെ വൻശേഖരം, വിവിധ രാജ്യങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന രുചികളുമായി ഒരേ സമയം 2,500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, പുറമെ സ്റ്റാർ ബക്‌സ് മുതൽ നാടൻ വിഭവങ്ങൾവരെ ഒരുക്കി കഫേകളും റസ്റ്റോറന്റുകളും സജ്ജമാണ്.കുട്ടികൾക്ക് വിനോദത്തിനായി ‘ഫൺട്യൂറ’ സെന്ററും സിപ് ലൈൻവഴി മാളിനകം ചുറ്റാൻ സാഹസികയാത്രയും ഒരുക്കിയിട്ടുണ്ട്. പിവിആർ സിനിമാസ് ഒരുക്കുന്ന 12 സ്‌ക്രീൻ സൂപ്പർപ്ലക്സ് തിയറ്റർ ഉടൻ തുറക്കും. നേരിട്ടും അല്ലാതെയും 15,000 തൊഴിലവസരമാണ് ലഭ്യമാക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500ൽ അധികം വാഹനങ്ങൾ നിർത്തിയിടാവുന്ന എട്ട് നില പാർക്കിങ് കേന്ദ്രമുണ്ട്. മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിങ് റൂമും ഒരുക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3500 ലധികം വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യാൻ എട്ടു നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിങ് സംവിധാനമാണ് മാളിലുള്ളത്.
മാളിൽ പതിനയ്യായിരത്തോളം പേർക്ക് ജോലി ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് സിഎംഡി എം.എ.യൂസഫലി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 600 പേരെ ലുലു ജീവനക്കാരായി നിയമിച്ചു. 100 പേർ ആക്കുളം നിവാസികളാണ്. മാളിലെത്തുന്ന ഭിന്നശേഷിക്കാർക്കായി മോട്ടറൈസ്ഡ് വീൽ ചെയർ ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, ഡയറക്ടർമാരായ എ.വി.അനന്ത് റാം, എം.എ.നിഷാദ്, വി.നന്ദകുമാർ എന്നിവർക്കൊപ്പം യൂസഫലി പറഞ്ഞു.

















