അമരാവതി: ആന്ധ്രാപ്രദേശില്‍ ബസ് പാലത്തില്‍നിന്ന് കനാലിലേക്ക് മറിഞ്ഞ് ഒന്‍പത് പേര് മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര് സ്ത്രീകളാണ്. 22 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പടിഞ്ഞാറൻ ഗോദാവരിയിലായിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.
അശ്വരോപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്നു ബസ്. 47 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് നാട്ടുകാരാണ് വള്ളങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനിടെ ചില യാത്രക്കാര്‍ ബസിന്റെ ജനാലകളിലൂടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു.
എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എട്ടു പേര് സംഭവസ്ഥലത്തുവെച്ചും പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. മരിച്ചവരില്‍ ബസ് ഡ്രൈവറും ഉള്‍പ്പെടുന്നു.
അപകടത്തിൽ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായവും അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
















