ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാന്‍ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അണക്കെട്ടിലെ ജലം തുറന്ന് വിടുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ആദ്യം മേല്‍നോട്ട സമിതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയം കോടതിയില്‍ വേണ്ടെന്നും കേരളത്തിന്റെ അഭിഭാഷകനോട് കോടതി വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാന്‍ ഇരുസംസ്ഥാനങ്ങളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി തള്ളി. വെള്ളം തുറന്നു വിടുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ മേല്‍നോട്ട സമിതിയുണ്ടെന്ന് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കറും ജസ്റ്റിസ് സി.ടി. രവികുമാറും അടങ്ങുന്ന ബഞ്ച് ചൂണ്ടിക്കാട്ടി.
പരാതികള്‍ ഉന്നയിച്ചാലും മേല്‍നോട്ട സമിതി നടപടി എടുക്കുന്നില്ലെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തിന്റെ പ്രതിനിധി കൂടി ഉള്‍പെടുന്നതാണെല്ലോ മേല്‍നോട്ട സമിതിയെന്ന് കോടതി ചൂണ്ടിക്കാട്ടി. മേല്‍നോട്ട സമിതിക്ക് വീഴ്ചയുണ്ടെങ്കില്‍ അത് കേരളത്തിന്റെ അംഗത്തിന്റെ കൂടി പരാജയമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം പ്രതിനിധിയെ കുറ്റപ്പെടുത്തൂവെന്നും ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അഭിപ്രായപ്പെട്ടു. പരാതികള്‍ ലഭിച്ചാല്‍ അടിയന്തരമായി അതില്‍ തീരുമാനമെടുക്കാന്‍ മേല്‍നോട്ടസമിതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആവശ്യങ്ങള്‍ക്കായി നിരന്തരം അപേക്ഷകള്‍ ഫയല്‍ ചെയ്യുന്ന നടപടിയേയും സുപ്രീംകോടതി വിമര്‍ശിച്ചു. മുല്ലപെരിയാര്‍ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടാകാം. പക്ഷേ രാഷ്ട്രീയം കോടതിക്ക് പുറത്തു മതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ റൂള്‍ കെര്‍വ്വുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരി 11 ലേക്ക് മാറ്റി.
















