സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ‘പാകിസ്താൻ ഫുഡ് ഫെസ്റ്റിവൽ’ നടത്താനൊരുങ്ങിയ ഹോട്ടലുടമയ്ക്ക് ബജ്രംഗ്ദളിന്റെ ഭീഷണി. റസ്റ്റോറന്‍റിൽ പാകിസ്താൻ ഭക്ഷണം വിളമ്പിയാൽ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ഹോട്ടലുടമ സന്ദീപ് ദവറിനെ ബജ്‌രംഗ്ദൾ നേതാവ് ദേവിപ്രസാദ് ദുബെയും സംഘവും ഭീഷണിപ്പെടുത്തി.
ഹോട്ടലിനു മുന്നിൽ സ്ഥാപിച്ച ‘പാകിസ്താൻ ഭക്ഷ്യമേള’ ബാനർ അക്രമി സംഘം പരസ്യമായി കത്തിച്ചു. ജയ്ശ്രീറാം ആക്രോശിച്ച് ബാനർ കത്തിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സൂറത്തിൽ നിരവധി റെസ്റ്റാറന്‍റുകൾ നടത്തുന്ന ‘ടേസ്റ്റ് ഓഫ് ഇന്ത്യ’യുടെ ബോർഡാണ് ഇവർ നശിപ്പിച്ചത്. ഡിസംബർ 12 മുതൽ 22 വരെ മേള നടത്താനായിരുന്ന തീരുമാനം. എന്നാൽ, ഇതേക്കുറിച്ച് കോൺഗ്രസ് അംഗമായ മുൻ സൂറത്ത് സിറ്റി കൗൺസിലർ അസ്ലം സൈക്കിൾവാല വീഡിയോ എടുത്ത് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തതോടെ ബജ്‌രംഗ്ദൾ ഏറ്റുപിടിക്കുകയായിരുന്നു.
മേളയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്നാണ് അറിഞ്ഞതെന്ന് ബജ്‌രംഗ്ദൾ നേതാവ് ദേവിപ്രസാദ് ദുബെ പറഞ്ഞു. “എന്തിനാണ് പാകിസ്താൻ ഭക്ഷ്യമേള സംഘടിപ്പിച്ചതെന്ന് അയാളോട് ചോദിച്ചിരുന്നു. മേള നടത്താൻ തീരുമാനിച്ച ഡിസംബർ 12 നും 22നും ഇടയിൽ ഞങ്ങളുടെ പ്രവർത്തകരെ ഹോട്ടലിലേക്ക് രഹസ്യമായി അയയ്ക്കും. റെസ്റ്റോറന്റിൽ പാകിസ്താൻ ഭക്ഷണം വിളമ്പിയാൽ അതിന്‍റെ അനന്തരഫലങ്ങൾക്ക് താൻ ഉത്തരവാദിയായിരിക്കുമെന്ന് ഞങ്ങൾ ഹോട്ടലുടമ സന്ദീപ് ദവറിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്” -ദുബെ പറഞ്ഞു.
അതേസമയം, ‘പാകിസ്താന് ഫുഡ് ഫെസ്റ്റിവല്‍’ നടത്താൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഹോട്ടലുടമ സന്ദീപ് ദവർ. പാകിസ്ഥാൻ ഭക്ഷ്യമേള നടത്താൻ തീരുമാനിച്ചെങ്കിലും ഒരു പാകിസ്ഥാൻ പാചകക്കാരനെ പോലും മേളയ്ക്കായി ക്ഷണിച്ചിട്ടില്ലെന്നും ഹോട്ടലുടമ വ്യക്തമാക്കുന്നു. പ്രദേശവാസികളിൽ നിന്നും ബജ്‌രംഗ് ദൾ പ്രവർത്തകരിൽ നിന്നും എതിർപ്പുണ്ടായതിനെ തുടർന്നായിരുന്നു ഹോട്ടലുടമ ഫുഡ് ഫെസ്റ്റിവൽ മാറ്റിയത്.
‘ഞങ്ങളുടെ റെസ്റ്റോറന്റിൽ സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും അനുസൃതമായി ഞങ്ങൾ വ്യത്യസ്ത ഭക്ഷ്യമേളകൾ സംഘടിപ്പിക്കുന്നു. ഭക്ഷണമാണ് എല്ലാം, വ്യത്യസ്തമായ ഭക്ഷണങ്ങൾ രുചിക്കുക എന്നതായിരുന്നു ഈ മേളയിലൂടെ ഞങ്ങൾ ലക്ഷ്യം വെച്ചത്. ഞങ്ങൾ പാക്കിസ്ഥാനെതിരല്ല, മറിച്ച് ഇന്ത്യക്കെതിരായ അവരുടെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് എതിരാണ്. ലോകത്ത് എല്ലായിടത്തും ഭക്ഷണം സാധാരണമാണ്. മേളയ്ക്ക് വേണ്ടി ഞങ്ങൾ പാകിസ്ഥാൻ പാചകക്കാരനെ ക്ഷണിച്ചിട്ടില്ല. ഏതായാലും നിലവിലെ അവസ്ഥയിൽ ഞങ്ങൾ പാകിസ്ഥാൻ ഫുഡ് ഫെസ്റ്റിവൽ റദ്ദാക്കുകയും അതിന്റെ സ്ഥാനത്ത് ഒരു സീഫുഡ് ഫെസ്റ്റിവൽ നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു’, സൂറത്തിലെ ടേസ്റ്റ് ഓഫ് ഇന്ത്യയുടെ ഉടമ സന്ദീപ് ദവർ വ്യക്തമാക്കി.
















