ജനീവ/ലണ്ടന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ വ്യാപന ശേഷി തീവ്രമെന്നും ഇതു വാക്‌സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന.ഡെല്‍റ്റയേക്കാള്‍ അതിവേഗമാണ് ഒമൈക്രോണ്‍ പടരുന്നത്. പലയിടത്തും സാമൂഹിക വ്യാപനം സംഭവിച്ചുകഴിഞ്ഞതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ബ്രിട്ടനില്‍ ഒമൈക്രോണ്‍ അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഡിസംബര്‍ അവസാനമാകുമ്ബോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ലക്ഷ്യവും അദ്ദേഹം പ്രഖ്യാപിച്ചു.
‘ആര്‍ക്കും ഒരു സംശയവും ഉണ്ടാകരുത്. ഒമൈക്രോണിന്റെ വേലിയേറ്റം വരുന്നു’ ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. രോഗബാധിതര്‍ ദ്രുതഗതിയില്‍ ഉയരുന്നത് കാരണം രാജ്യത്തെ ആരോഗ്യ ഉപദേഷ്ടാക്കാള്‍ മുന്നറിയിപ്പ് ലെവല്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന.ജൂണ്‍ മുതല്‍ ബ്രിട്ടണ്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തുടങ്ങിയിരുന്നു. മുന്നറിയിപ്പ് ലെവല്‍ മൂന്നായി നിലനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഒമൈക്രോണ്‍ ഭീഷണിവരുന്നത്. ഉയര്‍ന്ന വ്യാപന ശേഷി സൂചിപ്പിക്കുന്ന ലെവല്‍ നാല് മുന്നറിയിപ്പാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.
ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ ദക്ഷിണ ആഫ്രിക്കയില്‍ കോവിഡ് വ്യാപനം കുതിച്ച് ഉയരുന്നതിനിടെ പ്രസിഡന്റ് സിറില്‍ റാമഫോസയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ പ്രസിഡന്റ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ആണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
















