ബംഗളൂരു: കർണാടകയിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം തുടരുന്നു. കോലാറിലാണ് ഏറ്റവും ഒടുവിലായി തീവ്രഹിന്ദു വലതു പക്ഷ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.
തീവ്ര ഹിന്ദു പ്രവർത്തകർ ക്രിസ്ത്യന്‍ ലഖുലേഖകള്‍ കത്തിച്ചു. സംഭവത്തിൽ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു.
പ്രദേശത്ത് ഒരു വിഭാഗം ക്രിസ്ത്യന്‍ വിശ്വാസികള്‍ വീടുകള്‍ തോറും ലഘുലേഖയുമായി കയറിയിറങ്ങുന്നതിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. ഒരു കൂട്ടം വലതുപക്ഷ പ്രവര്‍ത്തകരെത്തി അത് തടയുകയും ലഖുലേഖകള്‍ തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. അതേസമയം ചോദ്യം ചെയ്യലില്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും മതപരിവര്‍ത്തനത്തെ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നും സംഘര്‍ഷമുണ്ടാക്കിയ പ്രവര്‍ത്തകരിലൊരാള്‍ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ കർണാടകയിൽ മതന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന 38-ാമത്തെ ആക്രമണാണ് കോലാർ സംഭവം. ശനിയാഴ്ച കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അക്രമി വടിവാളുമായി അതിക്രമിച്ചു കയറിയിരുന്നു. വൈദികന് ഫ്രാന്‍സിസ് ഡിസൂസയെയാണ് ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. വടിവാളിനു പുറമെ ഇയാളുടെ കൈവശം കയറും ഉണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ പള്ളിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയെന്നും അക്രമിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ഇതിനിടെ നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച ബില്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഇത് സംസ്ഥാനത്ത് വ്യാപകമായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം ഒഴിവാക്കാനാണെന്നും ഞായറാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
















