ന്യൂഡൽഹി: ഹരിയാണ-ഡൽഹി അതിർത്തിയിൽ ഫരീദാബാദിലുള്ള രാജ്യത്തെ ഏറ്റവുംവലിയ സിറിഞ്ച്, സൂചി കമ്പനി മലിനീകരണ നിയന്ത്രണബോർഡ് പൂട്ടിച്ചു.
ഇത് കോവിഡ് പ്രതിരോധകുത്തിവെപ്പ് അടക്കം രാജ്യത്തെ ആരോഗ്യമേഖലയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഡൽഹിയിൽ മലിനീകരണം വർധിക്കുന്നതിനെത്തുടർന്നാണ് അയൽസംസ്ഥാനങ്ങളിലെ മലിനീകരണത്തിന് കാരണമാകുന്ന ഹിന്ദുസ്ഥാൻ സിറിഞ്ചസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ലിമിറ്റഡ് അടക്കമുള്ള ഫാക്ടറികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടപ്പിച്ചത്.
പ്രതിദിനം 1.5 കോടി സൂചിയും 80 ലക്ഷം സിറിഞ്ചും ഈ കമ്പനിയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. കമ്പനിയുടെ കീഴിൽ 229 ഫാക്ടറികളുണ്ട്. രാജ്യത്താകെയുള്ള സർക്കാർ-സ്വകാര്യ ആശുപത്രികളിൽ 66 ശതമാനം സൂചിയും സിറിഞ്ചും ഇവിടെനിന്നാണ് വിതരണം ചെയ്യുന്നത്.
നിലവിൽ കമ്പനിയിൽ രണ്ടുദിവസത്തേക്കുകൂടിയുള്ള സ്റ്റോക്ക് മാത്രമേയുള്ളൂവെന്ന് എച്ച്.എം.ഡി. മാനേജിങ് ഡയറക്ടർ രാജീവ് നാഥ് അറിയിച്ചു. രാജ്യത്ത് സിറിഞ്ച് ക്ഷാമമുള്ളതിനാൽ കയറ്റുമതിപോലും സർക്കാർ വിലക്കിയിരിക്കുകയാണ്. പ്രകൃതിവാതകം ഉപയോഗിച്ചാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. ഏതാനും ചില യൂണിറ്റിൽമാത്രമാണ് ഡീസൽ ഉപയോഗിക്കുന്നത്.
യൂണിറ്റ് പൂട്ടുന്നത് സിറിഞ്ച് ക്ഷാമമുണ്ടാക്കുന്നതിന് പുറമേ വിലവർധനയ്ക്കും കാരണമാകുമെന്നും രാജീവ്‌നാഥ് പറയുന്നു.
അസോസിയേഷൻ ഒഫ് ഇന്ത്യൻ മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രീസ് ഫോറം കോ-ഓഡിനേറ്റർകൂടിയായ രാജീവ് നാഥ് ഫാക്ടറി തുറക്കാൻ അടിയന്തര അനുമതിതേടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
















