ന്യൂഡൽഹി;കൂനൂരിലെ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യൂ വരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. നാല് സൈനികരുടെ ഡിഎൻഎ പരിശോധന ഫലമാണ് ലഭിക്കാനുണ്ടായിരുന്നത്. ലഫ്. കേണൽ ഹർജിന്ദർ സിംഗ്, നായിക്കുമാരായ ജിതേന്ദ്ര കുമാർ, ഗുർസേവക് സിംഗ്, ഹവീൽദാർ സത്പാൽ റായ് എന്നിവരുടെ ഫലമാണ് ഇപ്പോൾ ലഭിച്ചത്. മറ്റ് നടപടി ക്രമങ്ങൾ പൂർത്തായിക്കിയ ശേഷം സൈനികരുടെ ഭൗതികദേഹം ഇന്ന് ജന്മനാട്ടിൽ എത്തിക്കും.
വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളിലായിരിക്കും സൈനികരുടെ ഭൗതികദേഹങ്ങൾ ജന്മനാട്ടിലേയ്‌ക്ക് എത്തിക്കുന്നത്. നായിക്ക് ഗുർസേവക് സിംഗിന്റെ ഭൗതികദേഹം രാവിലെ പത്തര മണിയോട് കൂടി അമൃത്സറിൽ എത്തിക്കും. നായിക് ജിതേന്ദ്ര കുമാറിന്റെ ദേഹം പതിനൊന്ന് മണിയോട് കൂടി ഭോപ്പാലിൽ എത്തിക്കുമെന്ന് സേന അറിയിച്ചു.
സംയുക്ത സൈനിക മേധാവി ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ തയ്യാറായേക്കും എന്ന് അധികൃതർ അറിയിച്ചു. ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡ്, കോക്ക്കപിറ്റ് റെക്കോർഡർ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. പ്രതികൂല കാലാവസ്ഥ, ഹെലികോപ്ടർ ഇറക്കുന്നതിലെ പിഴവ്, പൊട്ടിത്തെറി എന്നീ സാധ്യതകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
















