ന്യൂഡൽഹി: ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ല അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രജേഷ് ഭൂഷൻ കത്തയച്ചു. കേരളം, മിസോറം, സിക്കിം സംസ്ഥാനങ്ങളിലായി എട്ടു ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ് .ഇതേതുടർന്ന് ടിപിആർ ഉയർന്ന ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
ടിപിആർ കൂടിയ ജില്ലകളിൽ രാത്രികാല കർഫ്യൂ, ആൾക്കൂട്ട നിയന്ത്രണം, തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. ടിപിആർ ഉയർന്ന 27 ജില്ലകളിൽ കേരളത്തിലെ ഒമ്പത് ജില്ലകളുമുണ്ട്.കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം , എറണാകുളം, കണ്ണൂർ, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പട്ടികയിൽ ഉള്ളത്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തത് അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം ഓർമ്മിപ്പിച്ചു.
അതേസമയം രാജ്യത്ത് ഒമിക്രോൺ കേസുകൾ 33 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്ട്രയിൽ ആണ്. 17 പേരിൽ ഒമിക്രോൺ കണ്ടെത്തിയതോടെ മഹാരാഷ്ട്രയില്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ.
















