ദില്ലി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച ബ്രിഗേഡിയർ എൽ എസ് ലിഡ്ഡറുടെ (Brigadier LS Lidder) മകൾക്ക് നെരെ സൈബർ ആക്രമണം. ജീവിതത്തിലെ ഏറ്റവും വലിയ വേദനയിലൂടെ കടന്നുപോകുമ്പോഴും ആഷ്ന ലിഡ്ഡർക്ക് സാമൂഹിക മാധ്യമങ്ങളിൽ നേരിടേണ്ടി വരുന്നത് അധിക്ഷേപമാണ്. രാഷ്ട്രീയ നിലപാടുകൾ കൃത്യമായി പറഞ്ഞുള്ള പതിനാറുകാരിയുടെ മുൻ ട്വീറ്റുകൾക്ക് നേരെയാണ് സൈബർ ആക്രമണം നടക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ പ്രിയങ്ക ഗാന്ധിക്കെതിരായ വിമർശനത്തെ ചോദ്യം ചെയ്തുള്ള ട്വീറ്റുകളിലടക്കമാണ് അധിക്ഷേപം. ആഷ്നയുടേത് തീവ്ര ഇടത് നിലപാടാണെന്നതടക്കമുള്ള കമൻറുകളാണ് ഒരു വിഭാഗം ഉയർത്തുന്നത്. എന്നാൽ അധിക്ഷേപം ശക്തമായതോടെ ട്വിറ്റർ അക്കൗണ്ട് ആഷ്ന ഡീ ആക്ടിവേറ്റ് ചെയ്തതു.
ട്വിറ്ററിൽ സജീവമായിരുന്ന ആഷ്ന കുറിപ്പുകളായും വിഡീയോയിലൂടെയും ഓരോ വിഷയങ്ങളിലും തൻറെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ നവംബർ 27 ന് ഒരു പുസ്തകവും ആഷ്നയുടേതായി പുറത്തിറങ്ങിയിരുന്നു. മുൻ ഗവർറണറും ഐപിഎസ് ഉദ്യോഗസ്ഥയുമായിരുന്ന കിരൺ ബേദിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തതത്. അപകടത്തിൽ മരിച്ച മധുലിക റാവത്ത് പരിപാടിയിൽ മുഖ്യാത്ഥിതി ആയിരുന്നു. , ആഷ്നയുടെ അച്ഛൻ ബ്രിഗേഡിയർ എൽ എസ് ലിഡ്ഡറും അമ്മയുമെല്ലാം പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങളും ആഷ്ന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതേസമയം ആഷ്നക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങളിൽ ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം അടക്കമുള്ള പ്രമുഖർ ട്വിറ്ററിൽ കടുത്ത വിമർശനം ഉന്നയിച്ചു.
















