പനാജി: ഗോവ (Goa Election) നിയമസഭാ തെരഞ്ഞെടുപ്പിൽ അരയും തലയും മുറുക്കി തൃണമൂൽ കോൺഗ്രസ്(TMC). അധികാരത്തിലെത്തിയാൽ ഗൃഹലക്ഷ്മി പദ്ധതി നടപ്പാക്കി സംസ്ഥാനത്തെ 3.5 ലക്ഷം കുടുംബങ്ങളിലെ സ്ത്രീകൾക്ക് 5000 രൂപ നൽകുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. പ്രതിമാസം 5000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്ത് നൽകും. 1500-2000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ബജറ്റിന്റെ ആറ് ശതമാനം മാത്രമേ ഈ തുക വരുകയുള്ളൂവെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. ബംഗാളിലും സമാനമായ പദ്ധതി തൃണമൂൽ കോൺഗ്രസ് നടപ്പാക്കിയിരുന്നു. ലഖിർ ഭന്ദർ പദ്ധതിയിലൂടെ പട്ടികജാതി, വർഗ കുടുംബങ്ങളിലെ സ്ത്രീകൾക്ക് മാസം 1000 രൂപയും പൊതുവിഭാഗത്തിലെ സ്ത്രീകൾക്ക് 500 രൂപയും നൽകുന്നതാണ് പദ്ധതി.
ബംഗാളിൽ അധികാരം നിലനിർത്തിയ ശേഷം ദേശീയതലത്തിലേക്ക് ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായി ത്രിപുര, ഗോവ തെരഞ്ഞെടുപ്പുകളിൽ ശക്തമായ പ്രചാരണമാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നത്. ഗോവയിൽ മുൻ മുഖ്യമന്ത്രിയടക്കമുള്ള പ്രബല നേതാക്കളെ പാർട്ടിയിലെത്തിച്ചിരുന്നു. ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിലും തൃണമൂൽ കോൺഗ്രസ് ശക്തമായി രംഗത്തുണ്ടായിരുന്നു. കോൺഗ്രസിനെ ഒഴിവാക്കി ദേശീയതലത്തിൽ യുപിഎക്ക് ബദൽ സൃഷ്ടിക്കുക എന്നതാണ് മമതയുടെ പുതിയ ലക്ഷ്യം
















