കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തിയറ്ററുകളിലേക്ക് ജനം തിരികെയെത്തുമ്പോള്‍ വിത്യസ്തമായ പ്രമേയവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ കണ്ണന്‍ താമരക്കുളം.കഥപറയുന്ന രീതിയിലും മേക്കിങ് സ്‌റ്റൈലിലും തയ്യാറാക്കുന്ന ‘ഉടുമ്പ്’ എന്ന ചിത്രത്തിൽ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലൂടെ ശ്രദ്ധ നേടിയ സെന്തില്‍ കൃഷ്ണയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അനിയെ അവതരിപ്പിച്ചിരിക്കുന്നത്.
തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വേറിട്ട ശൈലിയാണ് കണ്ണന്‍ താമരക്കുളം പുതിയ ചിത്രത്തില്‍ പിന്തുടര്‍ന്നിരിക്കുന്നത്. ട്രെയ്‌ലര്‍ നല്‍കിയ സൂചന പോലെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സമകാലിക പ്രസക്തിയുള്ള വിഷയത്തെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
തന്റെ അഭിനയപാടവം പൂര്‍ണമായും പുറത്തെടുക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ സെന്തില്‍ കൃഷ്ണ ചിത്രത്തില്‍ നന്നായി വിനിയോഗിച്ചിട്ടുണ്ട്. ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ തുടങ്ങിയവരും ആദ്യാവസാനം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. സിനിമയില്‍ വന്നുപോകുന്ന പുതുമുഖങ്ങളും ജിതേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സജലും ഹിമ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നടി ആഞ്ജലീനയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി കെ ബൈജു, ജിബിന്‍ സാഹിബ്, എന്‍ എം ബാദുഷ, എല്‍ദോ ടി ടി, ശ്രേയ അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
















