തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ്ചാൻസിലർ നിയമനത്തിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആവശ്യമെങ്കിൽ സർവകലാശാലകളുടെ ചാൻസിലർ പദവി ഒഴിയാൻ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചു. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
വൈസ് ചാൻസലർമാരുടെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലെന്നും ഗവർണർ പറഞ്ഞു. ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ ഒരു ഓർഡിനൻസ് കൊണ്ടുവന്നാൽ മടികൂടാതെ അതിൽ ഒപ്പിട്ടു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ഗവർണറും ഇത്തരത്തിൽ അസാധാരണമായ ഒരു പ്രതിഷേധം നടത്തിയിട്ടില്ല. നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായത് മുതൽ പല വിഷയത്തിലും സർക്കാരുമായി ഇടഞ്ഞിരുന്നു. പൗരത്വ നിയമ വിഷയത്തിലുൾപ്പടെ ഈ വിയോജിപ്പ് കടുത്ത രീതിയിൽ പുറത്തുവന്നിരുന്നു.
പക്ഷേ അടുത്തകാലത്തായി സർക്കാർ ഗവർണറുമായി രമ്യതയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഗവർണർ ഇത്തരത്തിലൊരു പ്രതിഷേധവുമായി രംഗത്ത് വന്നത്. എട്ടാം തീയതിയാണ് ഗവർണർ സർക്കാരിന് ഇത്തരത്തിൽ കത്തയച്ചത്. ഇതിന് ഗവർണറെ വിശ്വാസത്തിൽ എടുക്കുമെന്ന് സർക്കാർ മറുപടി നൽകി. എന്നാൽ സർക്കാരിന്‍റെ അനുനയശ്രമമായിട്ടുള്ള ഈ മറുപടി തള്ളി രണ്ടാം കത്ത് ഗവർണർ ഇന്നലെ നൽകി.
ഇതേത്തുർന്ന്, ധനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഇന്ന് രാജ്ഭവനിൽ എത്തി. അനുനയത്തിന് സകലശ്രമവും നടത്തിയെങ്കിലും ഗവർണർ വഴങ്ങിയില്ല. ഇതോടെ, സർക്കാരും ഗവർണറും തമ്മിലുടലെടുത്ത അസാധാരണപ്രതിസന്ധി തുടരുകയാണ്.
ഇതോടൊപ്പം കാലടി സംസ്കൃതസർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതും ഗവർണറുടെ പ്രതിഷേധത്തിന് കാരണമാണ്. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സർക്കാർ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് രാജ്ഭവന് നൽകി. ഇതിൽ ഗവർണർ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണർ കത്തിൽ കുറ്റപ്പെടുത്തുന്നു.

















