പൃഥ്വിരാജ് നായകനാകുന്ന ഷാജി കൈലാസ് ചിത്രം ‘കടുവ’യുടെ റിലീസ് കോടതി തടഞ്ഞു. സിനിമ പ്രക്ഷേപണം ചെയ്താൽ തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് ജോസ് കുറുവിനാക്കുന്നേൽ നൽകിയ പരാതിയെ തുടർന്ന്‍ സിനിമയുടെ റിലീസ് എറണാകുളം സബ് കോടതി താല്‍ക്കാലികമായി തടഞ്ഞു
സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവാച്ചൻ തന്‍റെ ജീവചരിത്രമാണെന്നും അത് പ്രദർശിപ്പിക്കുന്നത് തടയണമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. സിനിമക്കാധാരമായ ജിനു വി എബ്രഹാമിന്‍റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്.
ഹർജിയിൽ തീർപ്പാകുന്നത് വരെ കടുവ സിനിമ പ്രദർശിപ്പിക്കുന്നത് കോടതി വിലക്കി. സമൂഹമാധ്യമങ്ങളിലും ഒടിടിയിലും ‘കടുവ’ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. കേസ് വീണ്ടും ഈ മാസം 14 നു പരിഗണിക്കും.
എട്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിനു എബ്രഹാമാണ് തിരക്കഥ.
















