തൊടുപുഴ: ഫണ്ടിൻറെ അപര്യാപ്തതയും വിചിത്രമായ ഉത്തരവുകളും മൂലം സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലായതില്‍ കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസിന് മുന്നില്‍ അടുപ്പുകൂട്ടിയും ഡിജിറ്റല്‍ ത്രാസില്‍ അരി തൂക്കിയും പ്രതിഷേധിച്ചു.
അഞ്ചുവര്‍ഷം മുമ്പുള്ള തുകയാണ് ഇപ്പോഴും ഉച്ചഭക്ഷണത്തിന് നല്‍കുന്നത്. നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.പ്രധാനാധ്യാപകര്‍ പണം മുന്‍കൂറായി മുടക്കിയാലെ ഉച്ചഭക്ഷണ വിതരണം മുടങ്ങാതെ നടപ്പാക്കാനാകൂ. സ്കൂളില്‍ എത്താന്‍ കഴിയാത്ത ദിവസങ്ങളിലെ അരി കുട്ടികള്‍ക്ക് വീട്ടില്‍ കൊടുത്തുവിടണമെന്നും ഉത്തരവുണ്ട്.
പ്രീപ്രൈമറി വിദ്യാര്‍ഥിക്ക് 30ഗ്രാം പ്രൈമറിയില്‍ 100ഗ്രാം, അപ്പര്‍ പ്രൈമറിയില്‍ 150ഗ്രാം കണക്കിലാണ് അരി പൊതിഞ്ഞുകൊടുക്കേണ്ടത്. അടുപ്പ്കൂട്ടല് സമരം ഇളംദേശം ബ്ലോക്ക് പ്രസിഡന്റും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുമായ മാത്യു ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.ഡി. അബ്രാഹം അധ്യക്ഷതവഹിച്ചു. ജോയി ആന്‍ഡ്രൂസ്, വി.കെ. കിങ്ങിണി, ഷെല്ലി ജോര്‍ജ്, സി.കെ. മുഹമ്മദ് ഫൈസല്‍, ജോളി മുരിങ്ങമറ്റം, ബിജു ജോസഫ്, എം.വി.ജോര്‍ജ്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
















