തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ചു. എൽ.ഡി.എഫ് 16 ഇടത്തും യു.ഡി.എഫ് 13 ഇടത്തും ഒാരോ സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയും വിമതനും വിജയിച്ചു.
എൽഡിഎഫിൽ സിപിഎം 15 സീറ്റും സിപിഐ ഒരു സീറ്റും നേടി. യുഡിഎഫിൽ കോൺഗ്രസ് ആറും മുസ്‌ലിം ലീഗ് നാലും ആർഎസ്പി ഒന്നും സീറ്റുകളിൽ വിജയികളായി.
ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലെ ഒരു വാര്‍ഡ് സി.പി.എമ്മില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. പാലക്കാട് എരുമയൂർ പഞ്ചായത്തിൽ സി.പി.എം വിമതന്‍ അട്ടിമറി വിജയം തേടി. ഇവിടെ സി.പി.എം സ്ഥാനാർഥി മൂന്നാം സ്ഥാനത്തെത്തി.
ഇടുക്കി ജില്ലയിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഇഡലിപ്പറക്കുടി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒരു വോട്ടിന്‍റെ ഭുരിപക്ഷത്തിന് ബി.ജെ.പിയുടെ ചിന്താമണി കാമരാജ് വിജയിച്ചു. യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. ചിന്താമണിക്ക് 39ഉം എൽ.ഡി.എഫിലെ ശ്രീദേവി രാജമുത്തുവിന് 38ഉം യു.ഡി.എഫിലെ ചന്ദ്രക്ക് 15ഉം വോട്ട് ലഭിച്ചു.
ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ല പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി മുനിസിപ്പൽ കോർപറേഷനുകളിലെ രണ്ടും, വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കൗൺസിലുകളിലെ മൂന്നും ഗ്രാമപഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

















