ടൊവീനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസിൽ ജോസഫ് (Basil Joseph) സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയിലെ (Minnal Murali) പുതിയ ഗാനം അണിയറക്കാർ പുറത്തുവിട്ടു. ‘എടുക്കാ കാശായ്’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനും പാടിയിരിക്കുന്നത് ശ്വേത അശോകുമാണ്.
മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന മിന്നൽ മുരളി സിനിമാപ്രേമികൾക്കിടയിൽ വലിയ കാത്തിരിപ്പ് ഉയർത്തിയിരിക്കുന്ന ചിത്രമാണ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം നെറ്റ്ഫ്ളിക്സിൻറെ ക്രിസ്‍മസ് റിലീസ് ആണ്. ഈ മാസം 24നാണ് നെറ്റ്ഫ്ളിക്സ് റിലീസ്. എന്നാൽ അതിനു മുൻപ് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിൻറെ വേൾഡ് പ്രീമിയർ നടക്കുക. ഈ മാസം 16നാണ് ജിയോ മാമിയിലെ പ്രദർശനം.
ഗോദയുടെ വിജയത്തിനു ശേഷം ബേസിലും ടൊവീനോയും ഒരുമിച്ചിരിക്കുന്ന ചിത്രത്തിന് നെറ്റ്ഫ്ളിക്സ് റിലീസോടെ കേരളത്തിന് പുറത്തും വലിയ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും അഭിനയിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ് തിരക്കഥ.
















