കങ്കണ റണൗത്ത് (Kangana Ranaut) വ്യോമസേനാ പൈലറ്റിൻറെ റോളിലെത്തുന്ന ബോളിവുഡ് ചിത്രം ‘തേജസി’ൻറെ (Tejas) റിലീസ് തീയതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ സായുധ സേന പതാകാദിനമായിരുന്ന ഇന്നലെയാണ് (ഡിസംബർ 7) ചിത്രത്തിൻറെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ദസ്സറ റിലീസ് ആയി 2022 ഒക്ടോബർ 5ന് ചിത്രം തിയറ്ററുകളിലെത്തും.
കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേരാണ് ചിത്രത്തിനും. ‘തേജസ് ഗിൽ’ എന്നാണ് കഥാപാത്രത്തിൻറെ മുഴുവൻ പേര്. ഇന്ത്യൻ പ്രതിരോധ സേനകളിൽ ആദ്യമായി വനിതകളെ യുദ്ധമുഖങ്ങളിലേക്ക് വിന്യസിച്ചത് വ്യോമസേനയാണ്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ ശർവേഷ് മെവാര ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥയും സംവിധായകൻറേത് തന്നെയാണ്. ആർഎസ്വിപി മൂവീസ് ആണ് ചിത്രത്തിൻറെ നിർമ്മാണം. നേരത്തെ ഉറി: ദ് സർജിക്കൽ സ്ട്രൈക്ക് ഉൾപ്പെടെയുള്ള ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ബാനർ ആണിത്.
അതേസമയം തേജസ് കൂടാതെ നിരവധി ചിത്രങ്ങളാണ് കങ്കണയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. മണികർണിക റിട്ടേൺസ്: ദ് ലെജെൻഡ് ഓഫ് ദിദ്ദ, എമർജൻസി, ധാക്കഡ്, ദി ഇൻകാർനേഷൻ: സീത എന്നിവയാണ് അവ.