കണ്ണൂർ; നികുതി എന്റെ കടമയാണ് എന്ന ബോധ്യം ഒരോ പൗരനിലും ഉണര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് കഴിയണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ചരക്ക് സേവന നികുതി ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം
ധനവരുമാനമാണ് ഒരു നാടിന്റെ സമ്പദ്ഘടനയെ ശക്തമാക്കുന്നത്. നികുതിയാണ് അതില്‍ മുഖ്യം. യഥാര്‍ത്ഥത്തില്‍ നികുതി നിരക്കും നികുതി ചെക്ക് പോസ്റ്റുകളുമാണ് ഒരു ദേശത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത്. ജി എസ് ടി നികുതി സംവിധാനത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. നികുതി വെട്ടിപ്പ് തടയാന്‍ പരമ്പരാഗത രീതികള്‍ മതിയാവാതെ വന്നിരിക്കുന്നു. ഈ രംഗത്ത് ശാസ്ത്രീയവും സാങ്കേതിക അടിത്തറയുള്ളതുമായ ഇടപെടലുകള്‍ ഉണ്ടാവണം. വ്യാപാരികളെ ദ്രോഹിക്കണം എന്നല്ല ഇതിനര്‍ത്ഥം. ഉപഭോക്താക്കളില്‍ നിന്നും നികുതി ശേഖരിച്ച് സര്‍ക്കാരിന് നല്‍കുന്നവരാണ് വ്യാപാരികള്‍. ആ അര്‍ത്ഥത്തില്‍ ഭരണ സംവിധാനത്തെ സഹായിക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ തെറ്റായ പ്രവൃത്തികള്‍ നടത്തുന്നവരോട് ദയാദാക്ഷിണ്യം പാടില്ല. മന്ത്രി പറഞ്ഞു.

















