കൊഹിമ: സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം (അഫ്സ്പ) പിന്‍വലിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ നാഗാലാന്‍ഡ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നാഗാലാന്‍ഡില്‍ സുരക്ഷാ സേന 14 സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവത്തിന് പിറകെയാണ് അഫ്സ്പ പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
ഡിസംബര്‍ നാലിനാണ് സുരക്ഷാ സേനയുടെ വെടിവയ്പില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. കല്‍ക്കരി ഖനിയിലെ തൊഴിലാളികളെന്ന് കരുതുന്ന സാധാരണക്കാര്‍ വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുമ്ബോള്‍ സുരക്ഷാ സേന അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് സാധാരണക്കാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇത് പിന്നീട് പ്രദേശത്ത് അക്രമത്തിന് കാരണമായി, അതില്‍ എട്ട് പേര്‍ കൂടി (ശനിയാഴ്ച ഏഴ് പേരും, ഞായറാഴ്ച ഒരാളും) കൊല്ലപ്പെട്ടു.
















