തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ രാത്രികാലങ്ങളില്‍ വെള്ളം തുറന്നുവിടുന്നതിനെതിരെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയിലേക്ക്. സുപ്രിംകോടതിയിൽ നാളെ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
നാളെ കേരളം സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്യും. മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഡാം തുറന്ന് വിടുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.
മുല്ലപ്പെരിയാറില്‍ തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പാര്‍ലമെന്‍റിനകത്തും പുറത്തും ആവശ്യപ്പെട്ട് ഇന്ന് കേരള എംപിമാര്‍. യുഡിഎഫ്, കേരള കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധിച്ചു.
അതേസമയം, ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ ഡാമിന്റെ നാല് സപിൽവേ ഷട്ടറുകൾ കൂടി തുറന്നു. ആകെ അഞ്ച് ഷട്ടറുകളിലൂടെ 2099.95 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.പെരിയാർ തീരത്തുളളവർക്ക് ജാഗ്രതാ നിർദേശം നൽകി.
വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും ഡാമിലേക്ക് അധികമായുള്ള നീരൊഴുക്കുമാണ് ഷട്ടറുകൾ തുറക്കാൻ കാരണം. കഴിഞ്ഞ ദിവസം രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ ഉയർത്തിയിരുന്നു. ഡാമിന്റെ പരിസരപ്രദേശത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്ന തമിഴ്നാടിന്റെ നടപടിക്കെതിരെ വിമർശനമാണ് ഉയരുന്നത്.

















