തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരേ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങൾ സജ്ജമായത് കൊണ്ടാണ് കോവിഡ് വ്യാപനം പിടിച്ചു നിർത്താനായാതെന്ന് അവകാശപ്പെട്ട പിണറായി കോവിഡ് കേസുകൾ ഇപ്പോഴും ഉയർന്ന് നിൽക്കുന്നത് നേരത്തെ രോഗം ബാധിക്കാത്ത ഒരുപാട് പേർ ഇവിടെയുള്ളത് കൊണ്ടാണെന്നും അവകാശപ്പെടുന്നു.
സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ അത്ര കണ്ട് സജ്ജമായിരുന്നത് കൊണ്ടാണ് രോഗവ്യാപനം പരിധി വിടാതിരുന്നത്. അതുകൊണ്ടാണ് എറ്റവും കുറഞ്ഞ മരണ നിരക്ക് നിലനിർത്താനായത്. എല്ലായിടത്തും വ്യാപിച്ചപ്പോൾ നമ്മൾ പ്രതിരോധം തീർത്തു. കുറ്റപ്പെടുത്തുന്നവർക്ക് ഇത് മനസിലാകാത്തതു കൊണ്ടല്ലെന്നും ലക്ഷ്യം വേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഇനിയും വാക്സിൻ എടുക്കാത്തവർ എത്രയും പെട്ടന്ന് വാക്സിൻ എടുക്കണം. കോവിഡ് എറ്റവും മൂർച്ഛിചപ്പോഴും നമ്മുടെ ശേഷിക്കപ്പുറം രോഗം പോയിട്ടില്ല. പതിനഞ്ചാം തീയതിക്കുള്ളിൽ രണ്ടാം ഡോസ് പൂർത്തിയാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറയുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വിദേശ രാജ്യങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെ പഠിക്കാൻ വരുന്ന സാഹചര്യം ഉണ്ടാകണമെന്നും പറഞ്ഞു. ആരും ജീവിക്കാൻ കൊതിക്കുന്ന നാടാണിത്.
40 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും പിണറായി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യഘട്ടം ഉടൻ ഉണ്ടാകുമെന്നും വർക്ക് ഫ്രം ഹോമും വർക്ക് നിയർ ഹോമും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

















