ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar Dam) രണ്ടു ഷട്ടറുകൾ കൂടി ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണി മുതൽ നിലവിൽ തുറന്നിരിക്കുന്ന 3 ഷട്ടർ കൂടാതെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തുമെന്നാണ് തമിഴ്നാട് (Tamil Nadu) അറിയിച്ചത്. സെക്കന്റിൽ 2099 ഘനയടി വെള്ളം ഒഴുക്കും. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല, ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. രാത്രി അണക്കെട്ട് തുറക്കുന്നതിനെതിരെ കേരളം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തമിഴ്നാട് ഇന്നും വൈകിട്ട് കൂടുതൽ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.
അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഡോ. ജോ ജോസഫ് സത്യവാങ്മൂലം നൽകി. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നൽകിയത്. രാത്രി സമയങ്ങളിൽ മുന്നറിയിപ്പ് പോലും നൽകാതെ തമിഴ്നാട് സർക്കാർ വെള്ളം തുറന്നുവിടുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും മേൽനോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.

















