കൊച്ചി; ബാങ്ക് ജപ്തി നോട്ടിസ് നൽകിയ കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ആമിന ഉമ്മയും കുടുംബവും.വായ്പ അടവോ ജപ്തി ഭീഷണിയോ ഓർത്ത് അവരുടെ കണ്ണുകളിനി നിറയില്ല. എല്ലാത്തിനും എം.എ. യൂസഫലിയോട് നന്ദി പറയുകയാണ് അവർ.ജീവിതം രക്ഷിച്ചവനാണ് അദ്ദേഹമാണെന്നാണ് കുടുംബം പ്രാർത്ഥനയോടെ പറയുന്നത്.
തൊഴിലുറപ്പ് ജോലിക്കിടയിൽ ആരോ കാണാൻ വന്നിരിക്കുന്നതറിഞ്ഞ് വീടിന് സമീപത്തേക്ക് ആമിന ഉമ്മയും ഭർത്താവ് സെയ്ദ് മുഹമ്മദും ഓടിയെത്തി. ചെളി പുരണ്ട വസ്ത്രം പോലും മാറാതെ, എത്തിയവരോട് കാര്യമെന്തെന്ന് ആമിന തിരക്കി. ലുലു ഗ്രൂപ്പിലെ ജീവനക്കാരെന്ന് അറിയിച്ചപ്പോഴും ഒന്നും മനസ്സിലാകാതെ ആമിന നിന്നു. യൂസഫലി ഉറപ്പ് നൽകിയതനുസരിച്ച് കീച്ചേരി സർവിസ് സഹകരണ ബാങ്കിൽ വായ്പയും കുടിശ്ശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ച് തീർത്തതായി ജീവനക്കാർ ആമിനയോട് പറഞ്ഞു. വായ്പ അടവും പലിശയും ബാങ്കിൽ കെട്ടിവെച്ചതിന്‍റെ രസീതും ലുലു ഗ്രൂപ്പ് മീഡിയ കോഓഡിനേറ്റർ എൻ.ബി. സ്വരാജ് ആമിനയുടെ കൈകളിൽ ഏൽപ്പിച്ചു.
ഒരു നിമിഷം ആശ്ചര്യപ്പെട്ട് നിന്ന ആമിനയുടെ കണ്ണുകൾ നിറഞ്ഞു. സങ്കടം വൈകാതെ പുഞ്ചിരിക്ക് വഴിമാറി. ജപ്തി ഭീഷണി നീങ്ങിയത് സത്യമെന്ന് ബോധ്യപ്പെട്ടതോടെ വാക്ക് പാലിച്ച യൂസഫലിക്ക് ഹൃദയത്തിന്‍റെ ഭാഷയിൽ ആമിന നന്ദി പറഞ്ഞു.
ആമിനയുടെ കുടുംബം കാഞ്ഞിരമറ്റം കീച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നാണ് വീടിരിയ്ക്കുന്ന സ്ഥലം പണയം വെച്ച് നേരത്തെ വായ്പ എടുത്തിരുന്നത്.മകളുടെ വിവാഹ ആവശ്യത്തിനായിരുന്നു വായ്പ. സെയ്ദ് മുഹമ്മദിൻ്റെ ചികിത്സയ്ക്കും മറ്റുമായി ചെലവുകൾ വരിയും അടവ് മുടങ്ങുകയും ചെയ്തതോടെ സ്ഥലം ജപ്തി ഭീഷണിയിലായി. വായ്പ തുകയായ 214242 രൂപയും, പലിശയും പിഴ പലിശയുമടക്കം ആകെ 3,81,160 രൂപയാണ് ആമിന ഉമ്മക്ക് വേണ്ടി യൂസഫലി ബാങ്കിൽ കെട്ടിവെച്ചത്.
പുരയിടം ജപ്തി ഭീഷണിയിലായ സങ്കടം കഴിഞ്ഞദിവസം യൂസഫലിയോട് നേരിട്ട് പറയുമ്പോൾ എല്ലാ വിഷമങ്ങൾക്കും ഇത്രവേഗം പരിഹാരമാകുമെന്ന് ആമിന ഒരിക്കലും കരുതിയിരുന്നില്ല. കാൻസർ രോഗബാധിതനായ ആമിനയുടെ ഭർത്താവ് സെയ്ദ് മുഹമ്മദിനുള്ള ചികിത്സ ആവശ്യങ്ങൾക്കടക്കം 50,000 രൂപയും യൂസഫലിയുടെ നിർദേശപ്രകാരം കൈമാറി. ബാങ്കിൽ പണമടച്ച രസീത് കൈമാറി ലുലു ഗ്രൂപ്പ് ജീവനക്കാർ മടങ്ങുമ്പോഴും നിറഞ്ഞ സന്തോഷവും ആശ്ചര്യവുമായിരുന്നു ആമിനയുടെയും സെയ്ദ് മുഹമ്മദിന്‍റെയും മുഖങ്ങളിൽ.

















