പാലക്കാട്: ആരോഗ്യവകുപ്പ് അട്ടപ്പാടി (Attappadi) നോഡൽ ഓഫീസർ ഡോ. പ്രഭുദാസിനെതിരെ (Dr. Prabhudas) അഴിമതി ആരോപണവുമായി സിപിഎം(CPM) പ്രാദേശിക നേതൃത്വം രംഗത്തെത്തി. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ (Kottathara Hospital)) ഡോ. പ്രഭുദാസിൻറെ നേതൃത്വത്തിൽ വൻ ക്രമക്കേടാണ് നടക്കുന്നതെന്നും ഇതെല്ലാം സിപിഎം നേതാക്കളുടെ തലയിൽ കെട്ടിവയ്ക്കാൻ അനുവദിക്കില്ലെന്നും സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.
കോട്ടത്തറ ആശുപത്രി മാനെജ്മെന്റ് കമ്മിറ്റി അംഗങ്ങൾ കൈക്കൂലി വാങ്ങാൻ ശ്രമിച്ചെന്ന ഡോ. പ്രഭുദാസിൻറെ ആരോപണത്തിന് പന്നാലെയാണ് സിപിഎമ്മിൻറെ പ്രത്യാരോപണം. സിപിഎം അട്ടപ്പാടി ഏരിയാ സെക്രട്ടറി സിപി ബാബു, കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി മാനെജിങ് കമ്മിറ്റി അംഗവും പുതൂർ ലോക്കൽ സെക്രട്ടറിയുമായ രാജേഷ് എന്നിവരാണ് പ്രഭുദാസിനെതിരെ അഴിമതി ആരോപണമുയർത്തി രംഗത്തെത്തിയത്. കാൻറീനുമായി ബന്ധപ്പെട്ടും കംപ്യൂട്ടർ വത്കരണവുമായി ബന്ധപ്പെട്ടും ഡോ. പ്രഭുദാസ് അഴിമതി നടത്തിയെന്നാണ് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി അംഗം രാജേഷിൻറെ ആരോപണം.
ആശുപത്രിയിലെ നിർമാണ പ്രവര്ർത്തനങ്ങൾ ബിനാമി മുഖേന നടപ്പാക്കുന്നെന്നാണ് സിപിഎം ഏരിയാ സെക്രടറിയുടെ ആരോപണം. അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഏത് അന്വേഷണവും നേരിടാൻ തയാറെന്നായിരുന്നു ഡോ. പ്രഭുദാസ് കഴിഞ്ഞദിവസം പ്രതികരിച്ചത്. ബില്ല് മാറാൻ കൈക്കൂലി ആവശ്യപ്പപെട്ട എച്ച്എംസി അംഗങ്ങളെ തടഞ്ഞതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് ഡോ. പ്രഭുദാസിന്റെ നിലപാട്.

















