കൊച്ചി: എറണാകുളം നായരമ്പലത്ത് (nayarambalam)വീട്ടമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. സിന്ധുവിന്‍റെ മകൻ അതുലാണ് മരിച്ചത്.എറണാകുളത്തെ ലൂർദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മകൻ അതുലിന് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സിന്ധുവിനെ യുവാവ് വഴിയിൽ വച്ച് തടഞ്ഞ് നിർത്തി ശല്യപ്പെടുത്തിയിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഇതിനെ ചൊല്ലി സിന്ധുവിന്റെ സഹോദരനും യുവാവുമായി വാക്കുതർക്കമുണ്ടായി. ശല്യം കൂടിയപ്പോൾ സിന്ധു കഴിഞ്ഞ ദിവസം പൊലീസിൽ യുവാവിനെതിരെ പരാതി നൽകി.
സിന്ധുവിന്റെ പരാതിയിന്മേൽ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മകൻ ആത്മഹത്യ ചെയ്യാൻ മറ്റൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് സിന്ധുവിന്റെ പിതാവ് പറയുന്നത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ ആത്മഹത്യയാണോ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്ന കാര്യത്തിൽ പൊലീസ് അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല.

















