ന്യൂഡല്‍ഹി: രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ നടപടിക്കുപിന്നാലെ സന്‍സദ് ടിവി അവതാരക സ്ഥാനം രാജിവെച്ച് പ്രിയങ്ക ചതുര്‍വേദി എംപി. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് പ്രിയങ്ക ചതുര്‍വേദി അയച്ച കത്തില്‍, വളരെ വേദനയോടെയാണ് താന്‍ സന്‍സദ് ടിവിയുടെ മേരി കഹാനി എന്ന പരിപാടിയുടെ അവതാരക സ്ഥാനം ഒഴിയുന്നതെന്ന് പ്രിയങ്ക അറിയിച്ചു.
‘ഒരു ഷോയ്ക്കായി മാത്രം സന്‍സദ് ടിവിയില്‍ ഇടം പിടിക്കാന്‍ തയ്യാറല്ല. കാരണം താനുള്‍പ്പെടെ 12 എംപിമാരെ രാജ്യസഭയില്‍ നിന്നും ഏകപക്ഷീയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിലൂടെ എം.പി എന്ന നിലയില്‍ പാര്‍ലമെന്ററി ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആണ് ഷോയില്‍ നിന്നുള്ള തന്റെ പിന്‍മാറ്റം’- പ്രിയങ്ക ചതുര്‍വേദി രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് പ്രിയങ്ക അടക്കം 12 എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്. പെഗാസസ് വിഷയത്തില്‍ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. ഇടത് അംഗങ്ങളായ എളമരം കരീം, ബിനോയ് വിശ്വം, തൃണമൂല്‍ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എം.പിമാരായ സായിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ്മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേന എം.പിമാരായ അനില്‍ ദേശായി എന്നിവരാണ് സസ്പെന്‍ഷന്‍ ലഭിച്ച മറ്റു എംപിമാര്‍.
















